മലപ്പുറം: കിടപ്പിലായ ഭിന്നശേഷി കുട്ടികളുടെ വീടുകളിൽ സഞ്ചരിക്കുന്ന വായനശാല ഒരുക്കി മലപ്പുറം ബി ആർ സി.'അക്ഷരക്കൂട്ട്' എന്ന ഈ പദ്ധതിയുടെ ബി ആർ സിതല ഉദ്ഘാടനം മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 21 കണ്ണത്തും പാറയിലെ മുഹമ്മദ് ആഷിക്കിന്റെ വീട്ടിൽ ലൈബ്രറി സ്ഥാപിച്ചുകൊണ്ട് ജില്ലാ പ്രോജക്ട് കോ-ഓഡിനേറ്റർ ടി രത്നാകരൻ നിർവഹിച്ചു. പഠനത്തിനാവശ്യമായ എല്ലാം കുട്ടികളുടെ വീട്ടുപടിക്കൽ എത്തിച്ചു നൽകുക എന്ന ഈ പരിപാടി ജില്ലയിൽ മുഴുവൻ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മുനിസിപ്പൽ കൗൺസിലർ സി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു.എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ സുമ, മലപ്പുറം ബി ആർ സി കോ-ഓഡിനേറ്റർ മുഹമ്മദലി പി, ട്രെയ്നർ രാജൻ പി പി, സ്പെഷ്യൽ എഡ്യൂക്കേറ്റർ നിമ്മി ബറുവ, സി ആർ സി കോ-ഓഡിനേറ്റർ ജിഷ എന്നിവർ ആശംസകൾ നേർന്നു.