നിലമ്പൂർ വനമേഖലയിലെ കുട്ടികൾക്ക് പഠന പിന്തുണയുമായി സമഗ്ര ശിക്ഷാ കേരളം
പോത്തുകല്ല്: കാലവർഷം ശക്തമായതോടെ പുറം ലോകവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ട നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ഇരുട്ടുകുത്തി, തരിപ്പ പൊട്ടി, കുമ്പളപ്പാറ കോളനികളിലെ കുട്ടികൾക്ക് പഠന പിന്തുണ നൽകുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളയുടെ ഇടപെടൽ. ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരുകയും നദിയിലെ കുത്തൊഴുക്ക് വർദ്ധിക്കുകയും ചെയ്തതോടെ കോളനിവാസികൾക്ക് വനത്തിന് പുറത്തേക്ക് ബന്ധപ്പെടാനുള്ള ഏക മാർഗ്ഗമായ ചങ്ങാട സർവ്വീസ് നിർത്തിവെച്ചിരുന്നു. മുണ്ടേരി ഗവ: ഹൈസ്കൂൾ, ഞെട്ടിക്കുളം എ യു പി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികൾ ഏതാനും ദിവസങ്ങളായി സ്കൂളുകളിൽ എത്താൻ കഴിഞ്ഞിരുന്നില്ല. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെയും സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്ററുടെയും നിർദ്ദേശപ്രകാരം വാണിയമ്പുഴ ബദൽ സ്കൂൾ കെട്ടിടത്തിൽ കുട്ടികൾക്ക് പഠന പിന്തുണ ഒരുക്കുകയും നിലമ്പൂർ ബി ആർ സി യിലെ സ്പെഷ്യൽ എഡ്യൂക്കേറ്റർ സബിത്ത് ജോണിനെ കേന്ദ്രത്തിലേക്ക് നിയമിക്കയും ചെയ്തു. ജൂലൈ മാസം പതിനൊന്നാം തിയതി മുതൽ പത്ത് ദിവത്തേക്ക് നിലമ്പൂർ ബി ആർ സി യിലെ രണ്ട് ജീവനക്കാർ കുട്ടികൾക്ക് പഠന പിന്തുണ നൽകും. ഇന്ന് ബിപിസി, സ്പെഷ്യൽ എഡ്യൂക്കേറ്റർ എന്നിവരുടെ നേതൃത്വത്തിൽ വാണിയമ്പുഴ ബദൽ സ്കൂൾ ശുചീകരിക്കുകയും കുട്ടികയുടെ വീടുകൾ സന്ദർശിച്ച് പഠനകേന്ദ്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇന്ന് പത്തൊമ്പത് കുട്ടികൾ ക്ലാസ്സിൽ ഹാജരായി. കുട്ടികൾക്ക് നോട്ടുബുക്കുകൾ, പെൻ, പെൻസിൽ, ക്രയോൺ തുടങ്ങിയ പoനോപകരണങ്ങൾ വിതരണം ചെയ്തു. ചൊവ്വാഴ്ച്ച മുതൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുള്ള വനത്തിലൂടെ കിലോമീറ്ററുകൾ നടന്ന് വാണിയമ്പുഴക്ക് കുറുകെയുള്ള താൽക്കാലിക തൂക്കുപാലത്തിലൂടെയാണ് കുട്ടികൾ പഠനകേന്ദ്രത്തിലെത്തുന്നത്.