Samagra News
വിദ്യാഭ്യാസം മൗലികാവകാശം ആണെന്നും ഇക്കാര്യം സാർത്ഥകമാക്കാൻ പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ മുൻ വൈസ് ചാൻസലർ പ്രഫ. ജയന്ധ്യാല ബി.ജി.തിലക്. പ്രഥമ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മേഖല മോശമാണെന്നും സ്വകാര്യ മേഖലയാണ് ഗുണനിലവാരം ഉള്ളതെന്നുമുള്ള ധാരണ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസം സാർവത്രികമാക്കണമെങ്കിൽ പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം.
കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്ക്ക് ബജറ്റ് വിഹിതം കൂട്ടണമെന്നും സംസ്ഥാനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്താകമാനം വിദ്യാലയങ്ങളിൽ കുട്ടികൾ കൂടുന്നുണ്ടെങ്കിലും വിദ്യാഭ്യാസ നിലവാരം ഉയർത്താനുള്ള നടപടികൾ അത്രകണ്ട് ഫലം കണ്ടിട്ടില്ല. വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ അസമത്വങ്ങൾ നിലനിൽക്കുന്നുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവഴിച്ചാൽ മാത്രമേ ഇത് മാറ്റാനാകൂ. വിദ്യാഭ്യാസ മേഖലയിൽ കേരളം ആവശ്യത്തിനു ഫണ്ട് ചെലവഴിക്കുന്നുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു.