സമഗ്ര ശിക്ഷയുടെ ലേർണിംഗ് മാനേജ്മെൻറ് സിസ്റ്റം - LMS പഠന പരിശീലന ശില്പശാല സമാപിച്ചു.
തിരുവനന്തപുരം: സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുന്ന പാർശ്വവൽകൃത മേഖലയിലേയും തീരദേശ മേഖലയിലേയും ആദിവാസി-ഗോത്രമേഖലയിലേയും പഠന സൗകര്യങ്ങളിൽ അപര്യാപ്തത നേരിടുന്ന കുട്ടികൾക്കായുള്ള ലേർണിംഗ് മാനേജ്മെൻറ് സിസ്റ്റം (LMS) പരിശീലന പരിപാടിയുടെ സംസ്ഥാന ഉദ്ഘാടനം സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ നിർവഹിച്ചു. പഠന പരിപോഷണ പരിപാടികളായ ഹലോ ഇംഗ്ലീഷ്, സുരീലി ഹിന്ദി, മലയാള തിളക്കം, ശാസ്ത്രവിഷയങ്ങൾ, ഗണിതം തുടങ്ങിയവയുടെ ഡിജിറ്റൽ പാഠ്യഭാഗങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തി സമഗ്ര ശിക്ഷയുടെ വിവിധ തലങ്ങളിലുള്ള പ്രവർത്തകർ വഴി ഈ മേഖലയിലെ കുട്ടികളിൽ എത്തിക്കുന്നതിനുള്ള സോഫ്റ്റ് വെയർ പരിശീലനമാണ് സംസ്ഥാന കാര്യാലയത്തിൽ നടന്നത്. പതിനാല് ജില്ലകളിൽ നിന്നും തെരെഞ്ഞടുക്കപ്പെട്ടവരായിരുന്നു ശില്പശാലയിൽ പങ്കാളികളായത്.