'പഠന മികവുകളുടെ അവതരണത്തിനും 'പഠിപ്പുറസി 'പദ്ധതിയുടെ വിജയപ്രഖ്യാപനത്തിനുമായി ഇടമലക്കുടിയിലെ മുതുവാൻ കുട്ടികൾ രണ്ടുദിനം തലസ്ഥാനത്ത്' മുഖ്യമന്ത്രി പിണറായി വിജയൻ പഠിപ്പുറസ്സി വിജയ പ്രഖ്യാപനം നടത്തും
തിരുവനന്തപുരം: കേരളത്തിലെ ഏക ആദിവാസി ഗോത്ര പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടിയിൽ നിന്നുള്ള മുതുവാൻ വിഭാഗത്തിലെ കുട്ടികളുടെ മലയാള ഭാഷ ശേഷിയും പഠന മികവുകളും പൊതുസമൂഹത്തെ അറിയിക്കുന്നതിനും സമഗ്ര ശിക്ഷാ കേരളം നടപ്പാക്കിയ പഠിപ്പുറസി പദ്ധതിയുടെ വിജയപ്രഖ്യാപനത്തിനുമായി ഇടമലക്കുടി ട്രൈബൽ എൽ പി സ്കൂളിലെ 29 കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന സംഘം നാളെ രാവിലെ തലസ്ഥാനത്ത് എത്തിച്ചേരും. ആദ്യദിനം നഗര പെരുമകളും കടലും കായലും വിനോദസഞ്ചാര കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മ്യൂസിയവും കണ്ട് കോവളത്ത് സ്റ്റേ ചെയ്യുന്ന സംഘം മാർച്ച് രണ്ടാം തീയതി നിയമസഭാ ചേംബർ ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് - സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിക്കുന്ന 'പഠിപ്പുറസി' വിജയ പ്രഖ്യാപന പ്രത്യേക പരിപാടിയിൽ പങ്കെടുക്കും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന വിജയപ്രഖ്യാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘടനം ചെയ്യും. വിജയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രശംസാപത്രം സ്കൂളിന് സമ്മാനിക്കും. കുട്ടികൾ മുഖ്യമന്ത്രിയുമായി സംവദിക്കും. ശേഷം നിയമസഭയിലെ ഗ്യാലറി, ലൈബ്രറി, മ്യൂസിയം, തുടങ്ങിയവ സന്ദർശിക്കും. തുടർന്ന് പ്രിയദർശനി പ്ലനറ്റേറിയം ശാസ്ത്ര മ്യൂസിയം തുടങ്ങിയവ സന്ദർശിച്ച് വൈകുന്നേരത്തോടെ മടങ്ങും. വിജയ പ്രഖ്യാപന ചടങ്ങിൽ പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ എ എസ് , പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐ.എ.എസ്, സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയാ എ.ആർ, സംസ്ഥാന പ്രോഗ്രാം ഓഫീസർമാരായ സിന്ധു എസ്.എസ്, ഷൂജ എസ്.വൈ, എൻ. ടി. ശിവരാജൻ, ഇടുക്കി ഡി പി സി ബിന്ദു മോൾ , മൂന്നാർ ബി.പി.സി ഹെപ്സി തുടങ്ങിയവരും , പഠിപ്പുറസ്സി പരിശീലന സംഘത്തിലെ വിദഗ്ധരും പങ്കെടുക്കും.