ഹിന്ദി ഭാഷാ പഠന പോഷണ പരിപാടിയുമായി സമഗ്ര ശിക്ഷാ കേരളം ;സുരീലി ഹിന്ദിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം : ഹിന്ദി ഭാഷാ പഠന പോഷണ പരിപാടി 'സുരീലി ഹിന്ദി'യുടെ സംസ്ഥാനതല ഉദ്ഘാടനം തൊഴിൽ, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സമഗ്ര ശിക്ഷാ കേരളമാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികൾക്ക് ഹിന്ദി ഭാഷയോട് താല്പര്യം ഉണ്ടാക്കുക, അവരെ ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചുകൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനും പഠിപ്പിക്കാനുള്ള സാഹചര്യമൊരുക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2016 - 17 കാലഘട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് സുരീലി ഹിന്ദി. ആദ്യവർഷം അധ്യാപകരെ ശാക്തീകരിക്കാനാണ് പദ്ധതിയിലൂടെ ശ്രമിച്ചത്. തൊട്ടടുത്ത വർഷം ആറാം ക്ലാസിലെ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പരിപാടിക്ക് രൂപം നൽകി. 2018 - 19 മുതൽ അഞ്ചുമുതൽ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രത്യേക പരിപാടിയായി സുരീലി ഹിന്ദി വികസിപ്പിച്ചു .കോവിഡ് മഹാമാരിക്കാലത്തും കുട്ടികളെ ഭാഷാപഠന പാതയിൽ നിലനിർത്താൻ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്ന സമഗ്രശിക്ഷാ കേരളത്തിനായി. 'സുരീലി ഹിന്ദി 2020' പദ്ധതിയിലൂടെ തെരഞ്ഞെടുത്ത കവിതകൾ ഈണമിട്ട് ഡിജിറ്റൽ വിഡിയോ കണ്ടന്റുകളായി വികസിപ്പിക്കുകയും അഞ്ചു മുതൽ എട്ടുവരെ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വിതരണം ചെയ്ത് പ്രവർത്തനങ്ങൾ നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയാണ് സുരീലി ഹിന്ദി 2021 - 22 പദ്ധതി. ഈവർഷം 5 മുതൽ പ്ലസ്ടു വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് രൂപപ്പെടുത്തിയിരിക്കുന്നത്. കഥകൾ, കവിതകൾ, നാടകങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മൊഡ്യൂൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. ആനിമേഷനുകൾ,തോൽപ്പാവക്കൂത്ത്, പിക്ചർ ട്രാൻസിഷൻ തുടങ്ങിയ സങ്കേതങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കഴക്കൂട്ടം എംഎൽഎ കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായിരുന്നു. സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രൊജക്റ്റ് ഡയറക്ടർ ഡോ. എ പി കുട്ടികൃഷ്ണൻ ചടങ്ങിൽ പദ്ധതിയുടെ വിശദശാംശങ്ങൾ അവതരിപ്പിച്ചു .