ഭിന്നശേഷി കുട്ടികൾക്ക് ടെന്നീസ് പരിശീലനം
തിരുവനന്തപുരം : സമഗ്ര ശിക്ഷാ കേരളവും ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബും സംയുക്തമായി ശിശുദിനത്തിൽ വ്യത്യസ്തമാർന്ന കായിക പരിശീലനത്തിന് തുടക്കം കുറിച്ചു. തിരുവനന്തപുരം നഗരത്തിലെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ ടെന്നീസ് പരിശീലനം ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളിലെ കായികപരമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകുകയും മികച്ച കായിക താരങ്ങളെ വാർത്തെടുക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഭിന്നശേഷിക്കാരായ കുട്ടികളെ മുഖ്യധാരയിൽ എത്തിക്കാനും അവരിൽ ആത്മവിശ്വാസം വളർത്താനും പരിശീലന പദ്ധതി ലക്ഷ്യമിടുന്നു. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന എൺപത് ഭിന്നശേഷി കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ടെന്നീസ് ക്ലബ്ബ് സെക്രട്ടറി ജയപ്രകാശ് അധ്യക്ഷത വഹിച്ചു . ടെന്നിസ് ക്ലബ്ബ് പ്രസിഡൻറ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പോഗ്രാം ഓഫീസർ എസ്. വൈ. ഷൂജ, തിരുവനന്തപുരം സമഗ്ര ശിക്ഷാ കേരളം ജില്ലാ പോഗ്രാം ഓഫീസർ ശ്രീകുമാരൻ ബി. എന്നിവർ സംസാരിച്ചു.