പാഠം ഒന്ന് കാലാവസ്ഥ
ഇടുക്കി (പീരുമേട് ): ഇനി സ്കൂളിൽ ഇരുന്ന് കാലാവസ്ഥ അറിയാം. ഇടുക്കി ജില്ലയിലെ ആദ്യ ദിനാവസ്ഥ നിരീക്ഷണ കേന്ദ്രം പീരുമേട് ചിദംബരം പിള്ള മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.പൊതുവിദ്യാലയങ്ങളിൽ കാലാവസ്ഥാ നിലയം എന്നത് നൂതനമായ ആശയമാണെന്നും വിദ്യാർത്ഥികൾക്ക് പ്രാദേശിക കാലാവസ്ഥ മനസ്സിലാക്കുന്നതിനും ഭൂമിശാസ്ത്ര വിഷയത്തോട് അഭിരുചി ഉണ്ടാക്കാനും ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സഹായിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നിരീക്ഷണ കേന്ദ്രം പ്രവർത്തിക്കുന്ന വിദ്യാലയത്തിന് സമീപത്തുണ്ടാകുന്ന പ്രാദേശിക കാലാവസ്ഥ വിവരങ്ങൾ വിദ്യാർത്ഥികളിൽ ഗവേഷണ പരിശീലനത്തിനും കാർഷിക വ്യാവസായിക മേഖലയിലെ പ്രവർത്തനങ്ങൾക്കും ഉതകമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷയുടെയും നേതൃത്വത്തിൽ ഭൂമിശാസ്ത്രം ഐച്ഛിക വിഷയമായ ഹയർ സെക്കണ്ടറി ബാച്ച് പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയങ്ങളിലാണ് നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് .
കേരളത്തിലെ 240 പൊതുവിദ്യാലയങ്ങളിൽ ദിനാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് . മഴ മാപിനി, അന്തരീക്ഷ താപനില , അന്തരീക്ഷ ആർദ്രത , കാറ്റിന്റെ ദിശ , വേഗം എന്നിവ അളക്കുന്നതിനുള്ള ഉപകരണങ്ങൾ അടക്കം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങൾ തന്നെയാണ് ഇവിടെയും സജ്ജമാക്കിയിരിക്കുന്നത്. പീരുമേട് എം എൽ എ വാഴൂർ സോമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ ഡി.ബിന്ദുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. എം നൗഷാദ് , ജില്ലാ പഞ്ചായത്തംഗം കെടി ബിനു , പഞ്ചായത്ത് പ്രസിഡണ്ട് സാബു , ബ്ലോക്ക് പഞ്ചായത്ത് അംഗം സ്മിത മോൾ തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , വിദ്യാർത്ഥികൾ , രക്ഷിതാക്കൾ , സമഗ്രശിക്ഷ കേരളം പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .