സംസ്ഥാനത്തെ യുപി സ്കൂളുകളിൽ നിർമ്മിച്ച 345 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.
തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുപി സ്കൂളുകളിൽ അനുവദിച്ച 345 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിരുവനന്തപുരം വിളപ്പിൽശാല ഗവൺമെൻറ് യുപി സ്കൂളിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു . കോവിഡ്കാല അധ്യയന നഷ്ടത്തിലൂടെ കുട്ടികളിൽ ഉണ്ടായ പഠന വിടവിന് പരിഹാരമാകുന്ന നിരവധി കർമ പദ്ധതികൾക്കാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന സ്പോർട്സ് മാന്വൽ പ്രകാശനവും മന്ത്രി നിർവ്വഹിച്ചു.
പൊതുവിദ്യാലയങ്ങളിലെ കുട്ടികളിൽ പ്രൈമറിതലം മുതൽ തന്നെ ശരിയായ കായിക വിദ്യാഭ്യാസത്തിന് ഉതകുന്ന പദ്ധതികൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഓരോ പൊതുവിദ്യാലയത്തിലും കുട്ടികളുടെ പഠന പിന്തുണ ഉറപ്പാക്കുന്ന ഡിജിറ്റൽ സംവിധാനങ്ങൾ ദ്രുതഗതിയിലാണ് സർക്കാർ ഒരുക്കുന്നതെന്നും ഇതിന്റെ തുടർച്ചയാണ് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓരോ കുട്ടിയേയും അടുത്തറിഞ്ഞ് പഠന പ്രശ്നങ്ങൾക്കുള്ള പരിഹാരവും വിവരസാങ്കേതികതയിലൂന്നിയുള്ള സർവോത്മുഖമായ പിന്തുണയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി സൂചിപ്പിച്ചു . ഇതോടെ സംസ്ഥാനത്തെ വിവിധ അപ്പർ പ്രൈമറി സ്കൂളുകളിൽ സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് ഉപയോഗിച്ച് കൈറ്റ് നിർമ്മിക്കുന്ന ഡിജിറ്റൽ സ്മാർട്ട് ക്ലാസ് മുറികളുടെ ഔദ്യോഗിക നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാവുകയാണ്. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കേണ്ട കായിക വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഏകീകൃത രൂപത്തിനും ആരംഭം കുറിക്കുകയാണ്. ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് എസ്. എസ് .കെ ഡയറക്ടർ ഡോ. സുപ്രിയ എ. ആർ സ്വാഗതം പറഞ്ഞു. വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലില്ലി മോഹൻ , ജില്ലാ പഞ്ചായത്ത് അംഗം വിളപ്പിൽ രാധാകൃഷ്ണൻ , വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡൻ്റ് ഡി.ഷാജി, സംസ്ഥാന പ്രോഗ്രാം ഓഫിസർമാരായ അമുൽ റോയ് അർ.പി, പ്രീതി എം കുമാർ തുടങ്ങിയവർ സന്നിതരായിരുന്നു. ഡി. പി.സി ബി.ശ്രീകുമാരൻ നന്ദി പറഞ്ഞു.