മഴ മാറി നിന്നു.. പുതുവസ്ത്രങ്ങളണിഞ്ഞ് കുരുന്നുകള്‍ ; സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ പ്രവേശനോത്സവ ലഹരിയില്‍
തിരുവനന്തപുരം: കോവിഡ് മഹാമാരി തീര്‍ത്ത കാര്‍മേഘങ്ങള്‍ നീങ്ങി വര്ണ്ണമാരിവില്ല് വിരിയിച്ച ഉത്സവാന്തരീക്ഷത്തില്‍ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനോത്സവം ആഘോഷമായി മാറി. പുത്തനുടുപ്പും പുസ്തകസഞ്ചിയുമായി എത്തിയ കുരുന്നുകളെ കാത്ത് പൊതുവിദ്യാലയങ്ങള്‍ അണിഞ്ഞൊരുങ്ങിയിരുന്നു. സംസ്ഥാനത്തെ 12869 വിദ്യാലയങ്ങളിലായി നാല് ലക്ഷത്തോളം കുട്ടികളാണ് ഇത്തവണ പുതുതായി എത്തിച്ചേര്‍ന്നത്. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തന്നെ ആഘോഷപൂര്‍വ്വം നടത്തുവാന്‍ കഴിഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇഛാശക്തിയോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ്. പൊതുവിദ്യാലയങ്ങളിലേക്ക് ആദ്യമായി എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് രാഷ്ട്രീയ, സാംസ്കാരിക, സിനിമാ രംഗത്തെ പ്രമുഖര്‍ ആശംസയറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിലാണ് ഇത്തവണയും സംസ്ഥാനതല പ്രവേശനോത്സവം സംഘടിപ്പിക്കപ്പെട്ടത്. പ്രവേശനോത്സവഗാനവും അതിന്റെ ദൃശ്യാവിഷ്കാരവും പ്രമുഖരുടെ ആശംസകളും സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങുകള്‍ക്ക് മിഴിവേകി. ആതിഥേയത്വം വഹിക്കുന്ന സ്കൂളിന് നല്‍കാറുള്ള നിരവധി പഠന പിന്തുണാ സാമഗ്രികള്‍ ഇത്തവണയും വിതരണം ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്ററി സ്കൂളായിരുന്നു ഇക്കൊല്ലത്തെ സംസ്ഥാനതല പ്രവേശനോത്സവത്തിന് വേദിയായത്.