നിയമസഭാ സ്പീക്കറോട് പുതുമയേറിയ ചരിത്രാശയങ്ങള് നിര്‍ദേശിച്ച് പൊതുവിദ്യാലയത്തിലെ കുട്ടികള്‍.
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷം ആഘോഷ പരിപാടിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചനാ മത്സരത്തില്‍ വിജയികളായ 34 കുട്ടികളാണ് സ്പീക്കറോട് സംവദിച്ചതും ആശയങ്ങള്‍ മുന്നോട്ടു വച്ചതും. പ്രാദേശിക ചരിത്ര നിര്‍മ്മിതിയ്ക്കായി പ്രവര്‍ത്തിച്ചപ്പോള്‍ അനുഭവപ്പെട്ട വൈഷമ്യങ്ങളും ചില സാധ്യതകളും കുട്ടികള്‍ സ്പീക്കറോട് പറഞ്ഞു. ചരിത്ര നിര്‍മ്മാണം മറ്റ് ഏതൊരു മേഖലയിലും നടക്കുന്നതുപോലെ ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നല്ല എന്നും സൂക്ഷ്മവും യാഥാര്‍ത്ഥ്യവും ഒന്നിച്ചിണക്കി രൂപപ്പെടുത്തേണ്ട ഒന്നാണെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭയേയും നിയമ നിര്‍മ്മാണത്തേയും ഭരണഘടനയേയും കുറിച്ച് സ്പീക്കറുടെ ചില ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായി. പാര്‍ലമെന്റ് അംഗമായിരുന്ന കാലത്തെക്കുറിച്ചുളള ഒരു കുട്ടിയുടെ ചോദ്യത്തിന് രസകരവും വിശദീകരിച്ചുമുളള ഓര്‍മ്മകള്‍ പങ്കിട്ടാണ് സ്പീക്കര്‍ കുട്ടികള്‍ക്കൊപ്പം പ്രതിഭാ സംഗമം പരിപാടിക്ക് മിഴിവേകിയത്. നിയമസഭാ ഹാളും ഗ്യാലറിയും, ചരിത്ര മ്യൂസിയവും, സസ്യ മ്യൂസിയവും കണ്ടേ മടങ്ങാവൂ എന്ന് നിര്‍ദേശിച്ചാണ് സ്പീക്കര്‍ വേദി വിട്ടത്.