പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിവിധ ഏജൻസികളുടെ പക്കലുള്ള ഫയലുകൾ ക്രമവിരുദ്ധമായി വൈകിപ്പിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി..ശിവൻകുട്ടി പറഞ്ഞു. സമഗ്ര ശിക്ഷ കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാന -ജില്ലാ - ബിആർസി തലത്തിലെ ഉദ്യോഗസ്ഥരുടെയും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡി ഡിമാരുടെയും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഫയൽ പ്രവർത്തനങ്ങൾ ത്വരിതഗതിയിലാക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ചില ഉദ്യോഗസ്ഥർ സർക്കാരിന്റെ നിർദ്ദേശങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് ഇപ്പോഴും സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി സൂചിപ്പിച്ചു. ഈ നില തുടരാൻ അനുവദിക്കില്ലെന്നും സമയബന്ധിതമായി പദ്ധതി പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് ചുമതലപ്പെട്ടവർ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.