ആരോഗ്യ കായിക വിദ്യാഭ്യാസം ;കപ്പാസിറ്റി ബിൽഡിംഗ് - ജില്ലാതല അധ്യാപക പരിശീലനം നടന്നു
തിരുവനന്തപുരം : പൂർണ്ണമായ ശാരീരിക മാനസിക ക്ഷേമമെന്നാണ് ലോക ആരോഗ്യ സംഘടന ആരോഗ്യത്തെ നിർവചിച്ചിട്ടുള്ളത്. കായിക പരിശീലനങ്ങളും നല്ല ആരോഗ്യ ശീലങ്ങളും ജീവിതത്തിലെ അവിഭാജ്യ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസ കാലഘട്ടത്തിൽ ആരോഗ്യ കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ആരോഗ്യത്തിന്റെയും കായിക ക്ഷമതയുടെയും പ്രസക്തിയും പ്രാധാന്യവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കായിക അധ്യാപകർക്കായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ലോഗോസ് സെന്ററിൽ ത്രിദിന സഹവാസ പരിശീലനം നടന്നു. കാലഘട്ടത്തിന്റെ അനിവാര്യതയായ സാങ്കേതികവിദ്യ ആരോഗ്യ കായിക വിദ്യാഭ്യാസത്തിൽ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്താം, പുതിയ കളികളിലൂടെ കായികരംഗത്തേക്ക് വിദ്യാർത്ഥികളെ എങ്ങനെ ആകർഷിക്കാം, ഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കായിക പരിശീലന സാധ്യതകൾ എന്തെല്ലാം തുടങ്ങിയവയാണ് ഈ ത്രിദിന സഹവാസ പരിശീലനത്തിൽ അധ്യാപകർ പരിചയപ്പെട്ടത്. ആരോഗ്യ കായിക പഠനത്തിലൂടെ കുട്ടികളിലെ ജീവിത നൈപുണികൾ, നേതൃത്വപാടവം, അച്ചടക്കം എന്നിവ വളർത്തുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങളുടെ പരിശീലനവും ഇവിടെ നിന്നും അധ്യാപകർക്ക് ലഭിച്ചു. പതിനൊന്ന് ബി.ആർ.സി കളിൽ നിന്നായി ഇരുപത്തിയേഴ് കായിക അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു. ലോക ബോക്സിംഗ് ചാമ്പ്യനായ കെ.സി.ലേഖ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമഗ്ര ശിക്ഷാ കേരളം സംസ്ഥാന പ്രോഗ്രാം ഓഫീസറായ പ്രീതി , എസ്.ഇ .ആർ.ടി. പ്രതിനിധി അജീഷ്, ഡി പി സി എസ്. ജവാദ്, ജില്ലാപ്രോഗ്രാം ഓഫീസർമാരായ ശ്രീകുമാരൻ ബി., റെനി വർഗീസ്, നെയ്യാറ്റിൻകര, ബാലരാമപുരം ബി.ആർ.സി കളിലെ ബി.പി.സി.മാരായ അനീഷ്, എം. അയ്യപ്പൻ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു.